തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ വേദിയിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികൾക്ക് ശേഷം ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കത്തിച്ച് പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ പ്രതിഷേധക്കാർ ശ്രമിച്ചപ്പോൾ പൊലീസ് സേന ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി. 10 അകമ്പടി വാഹനങ്ങളുമായി നൂറുകണക്കിന് പോലീസുകാരെ നീക്കിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നിരുന്നു.
കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷയാണ് ഇന്നലെ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. കോട്ടയത്ത് എല്ലാ പ്രധാന കവലകളിലും പൊലീസ് ഗതാഗതം തടയുകയും കേരള സർക്കാരിന്റെ ഒന്നാം നമ്പർ കാറിന് വഴിയൊരുക്കുകയും ചെയ്തു. കൊച്ചിയിൽ കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോൾ വാഹനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.