നൂപുർ ശർമ്മയ്ക്ക് തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്വതുൽ ഹിന്ദിൽ നിന്നും ഭീഷണി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നൂപുർ ശർമ നടത്തിയ അപവാദ പ്രചാരണത്തിൻറെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇതേതുടർന്ന് ബിജെപി നേതാവിനും കുടുംബത്തിനും പോലീസ് സുരക്ഷയൊരുക്കി.
“ആദ്യം പ്രവാചകനെ അധിക്ഷേപിച്ചിട്ട് ഇപ്പോൾ ക്ഷമ ചോദിക്കുന്നു. ഇരട്ട നിലപാട് സ്വീകരിക്കുന്ന ബിജെപി ചാണക്യ നീതി നടപ്പാക്കുകയാണ്. ബിജെപി നേതാക്കൾ പലപ്പോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്താറുണ്ട്. ആർ എസ് എസ്, രാമസേന, ബജ്റംഗ് ദൾ, ശിവസേന തുടങ്ങിയവർ നിരന്തരം ഇസ്ലാമിനും മുസ്ലിമിനുമെതിരെ നിരന്തരമായി വെറുപ്പ് പ്രചരിപ്പിക്കുന്നു. പരാമർശം പിൻവലിച്ച് ലോകത്തോട് മാപ്പപേക്ഷിച്ചില്ലെങ്കിൽ പ്രവാചകനെ അവഹേളിച്ചവർക്കെതിരെ ഞങ്ങൾ ചെയ്യാറുള്ളത് ചെയ്യും.”- എന്നായിരുന്നു സംഘടനയുടെ കുറിപ്പ്.
ഗ്യാൻവാപി സംഭവവുമായി ബന്ധപ്പെട്ട ടിവി ചർച്ചയ്ക്കിടെയാണ് നൂപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾക്ക് പരിഹാസ്യമാണെന്ന് നൂപുർ പറഞ്ഞു. മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും പള്ളി സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയതായി അവകാശപ്പെടുന്ന ‘ശിവലിംഗം’ നീരുറവയ്ക്കായി ഉപയോഗിക്കുന്ന സ്തൂപമാണെന്ന് അവർ പറയുകയാണെന്നും നൂപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.