മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തങ്ങുന്ന സാഹചര്യത്തിലാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
നാഗ്പൂരിലെ ഫട്നാവിസിന്റെ വീട്ടിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. മുംബൈയിലെ ശിവസേനാ ഭവനിലും മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യിലും കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില ചർച്ച ചെയ്യാൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ മുഖ്യമന്ത്രിയെ കണ്ടു.
എംഎൽഎമാർ ശിവസേനയുമായി തർക്കത്തിലായതിനാൽ ശിവസേന പ്രവർത്തകർ മുംബൈ നഗരത്തിൽ അക്രമമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. അസംതൃപ്തരായ ശിവസേന എംഎൽഎമാർ മറ്റൊരു സംസ്ഥാനത്തേക്ക് പോയതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. ശിവസേന എംഎൽഎമാരെ തിരികെ കൊണ്ടുവരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പാട്ടീൽ പറഞ്ഞു.