Spread the love

തൃപ്പുണിത്തുറ: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്ക് ജാമ്യം. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം അനുവദിച്ചത്. പീഡന വിവരം മറച്ച് വെച്ചതിനാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അധ്യാപകനായ കിരൺ
വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അറിഞ്ഞിട്ടും വിവരം മറച്ച് വെച്ച് കുടുംബത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് കണ്ടെത്തൽ.

കലോൽസവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോൽസവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ അധ്യാപകനൊപ്പം പോയതായിരുന്നു കുട്ടി. രാത്രിയിൽ മടങ്ങവെയാണ് അധ്യാപകൻ ലൈംഗികമായി ആക്രമിച്ചത്. ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പിറ്റേന്ന് സ്കൂൾ അധികൃതർ വിവരം അറിഞ്ഞെങ്കിലും മൂടിവച്ചു. കുട്ടി തന്‍റെ ദുരനുഭവം സഹപാഠികളുമായി പങ്കുവച്ചത്തോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാട് വിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കിരൺ മുമ്പും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.  

By newsten