Spread the love

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫിൻറെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കേരളത്തിൽ യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യുഡിഎഫിന് സാധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കേരളത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ എല്ലാ ഇടത് വിരുദ്ധ ശക്തികളും പ്രതിലോമശക്തികളും ഒന്നിക്കുന്നത് തൃക്കാക്കരയിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആനാവൂർ നാഗപ്പൻറെ കുറിപ്പിൻറെ പൂർണ്ണരൂപം ഇതാ.

“തൃക്കാക്കര യു ഡി എഫ് നിലനിർത്തി. കേരളത്തിൽ യു ഡി എഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യു ഡി എഫിന് സാധ്യമായി. ഈ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാണേണ്ട ചില അനുഭവപാഠങ്ങൾ ഉണ്ട്. കേരളത്തിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താൻ എല്ലാ ഇടതുവിരുദ്ധ ശക്തികളും പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്നത് തൃക്കാക്കരയിൽ പ്രകടമായി കണ്ട കാര്യമാണ്. കോൺഗ്രസ്സിന് കഴിഞ്ഞ തവണ പതിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് 20-20 യുടെയും ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടും കൂടി ചേർന്നപ്പോൾ ഇത്തവണ ഭൂരിപക്ഷം 25000 ത്തിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിമൂവായിരത്തോളം വോട്ടും, ബിജെപി പതിനയ്യായിരത്തോളവും വോട്ടാണ് നേടിയത്. 20-20 യുടെ വോട്ട് കിറ്റെക്സ് മുതലാളിയും കോൺഗ്രസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ സമ്പൂർണ്ണമായി കോൺഗ്രസിലേക്ക് പോയി.”

By newsten