സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശക്തമായ സഹതാപ തരംഗമാണ് ഉമയുടെ വിജയത്തിനു കാരണമായതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും പി ടി തോമസിനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണിത്.
പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതതീവ്രവാദ ശക്തികൾക്ക് സർക്കാർ പരസ്യമായി പിന്തുണ നൽകിയതിന്റെ ഫലമായി മറ്റ് ജനവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ആലപ്പുഴയിലെ സംഭവവികാസങ്ങളും സർക്കാരിനു തിരിച്ചടിയായി. എൽ.ഡി.എഫിനെ തോൽപ്പിക്കണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യു.ഡി.എഫിനു വലിയ നേട്ടമായിരുന്നു. കെ സുരേന്ദ്രൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 25,015 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് വിജയിച്ചത്. 2021 ൽ പി ടി തോമസ് മത്സരിച്ചപ്പോൾ 14,329 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. 2011ൽ ബെന്നി ബെഹനാൻ മത്സരിക്കുമ്പോൾ 22,406 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഉമ തോമസ് ആ റെക്കോർഡുകൾ തകർത്തു.