തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടെണ്ണലിന്റെ ഓരോ റൗണ്ടും പൂർത്തിയായപ്പോൾ എൽഡിഎഫ് ഓരോ ചുവട് പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രി ഇത്രയും ദിവസം തമ്പടിച്ച് തൃക്കാക്കരയിലെ പ്രചാരണത്തിനു നേതൃത്വം നൽകിയത് കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രങ്ങളെ തിരുത്താനാണ്. സി.പി.എമ്മും മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കണം. കെ റെയിലിന്റെ ആവശ്യമില്ലെന്ന സന്ദേശമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് ധൂർത്തടിച്ചാണ് നടത്തിയത്. കള്ളവോട്ട് കൂടി ഉൾപ്പെടുത്തി വിജയിപ്പിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ഇതിനായി കണ്ണൂരിൽ നിന്നുള്ള പ്രവർത്തകർ തൃക്കാക്കരയിൽ എത്തിയെന്നും കെ.സുധാകരൻ ആരോപിച്ചു.