Spread the love

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം വ്യക്തിപരമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവച്ച നിലപാടുകളുമായാണ് രാഷ്ട്രീയ പോരാട്ടം നടന്നത്. ആത്മാർ ത്ഥമായി പ്രവർത്തിച്ചു. ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി. പാർട്ടിക്ക് അപ്രതീക്ഷിത തോൽവിയാണ് ഉണ്ടായതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ പ്രചാരണം നടത്തിയിട്ടും ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ കഴിയാത്തതിന്റെ ഞെട്ടലിലാണ് എൽഡിഎഫ്. സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെതിരായ ജനവിധിയായി തൃക്കാക്കര ഫലവും പ്രതിപക്ഷം ഉപയോഗിക്കും. തൃക്കാക്കര തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോൺഗ്രസ്‌ വിട്ട് എൽഡിഎഫിൽ ചേർന്ന കെ വി തോമസിനും ഈ ഫലം വലിയ തിരിച്ചടിയാണ്.

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം സിപിഎം ജില്ലാ നേതൃത്വം സമ്മതിച്ചിരുന്നു. പരാജയം സർക്കാരിനെതിരായ വിധിയല്ല. പരാജയം അവിശ്വസനീയമാണ്. വ്യത്യസ്ത തരം ആളുകളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പിനു നേതൃത്വം നൽകിയിട്ടില്ല. ജില്ലാ നേതൃത്വത്തിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ നേതൃത്വത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും നടന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മോഹനൻ പറഞ്ഞു.

By newsten