ന്യൂഡല്‍ഹി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതിനാലാണ് ദൃശ്യങ്ങൾ അയച്ചതെന്ന് അറസ്റ്റിലായ പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
സഹപാഠികളുടെ ടോയ്ലറ്റ് ഫൂട്ടേജുകൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയായ വിദ്യാർത്ഥിനി, ഷിംല സ്വദേശിയായ കാമുകൻ, സുഹൃത്ത് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം മൊഹാലിയിലെ ഖറാർ കോടതിയിൽ മൂവരെയും ഹാജരാക്കി. തുടർന്ന് ചോദ്യം ചെയ്യലിനായി മൂവരെയും ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ദൃശ്യങ്ങൾ അയച്ചതെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, പ്രതികളുടെ ഫോണുകളിൽ നിന്ന് ഒരു ദൃശ്യം കൂടി ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.