തിരുവവന്തപുരം: അതിഥികൾക്ക് യാത്ര ചെയ്യാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവൻ. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ധൊഡാവത്ത് പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാലിന് നേരത്തെ അയച്ച കത്താണ് പുറത്ത് വന്നത്. കാറുകളും ഡ്രൈവര്‍മാരെയും ആറ് മാസത്തേക്ക് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് കാറുകളും ഡ്രൈവർമാരും വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പുറത്ത് വന്നിരിക്കുന്നത്.
2021 സെപ്റ്റംബർ 23നാണ് രാജ്ഭവനിൽ നിന്ന് കത്തയച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് ടൂറിസം വകുപ്പിന്‍റെ മൂന്ന് കാറുകൾ ആറ് മാസത്തേക്ക് വിട്ടുനൽകണമെന്നാണ് ആവശ്യം. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ കൂടുതൽ അതിഥികൾ രാജ്ഭവനിൽ എത്തുമെന്നും അവർക്ക് യാത്ര ചെയ്യാൻ കൂടുതൽ വാഹനങ്ങൾ ആവശ്യമാണെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടത്. ഗവർണറുടെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനവും ഉൾപ്പെടെ സർക്കാർ ചെലവിൽ നിരവധി വാഹനങ്ങളാണ് രാജ്ഭവനിലുള്ളത്. ഇവയ്ക്ക് പുറമെയാണ് മൂന്ന് കാറുകൾ കൂടി ആവശ്യപ്പെട്ടത്.