Spread the love

കണ്ണൂർ: ബോംബേറുണ്ടായ പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഓഫീസ് തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്‍റെ മറവിൽ അത്യന്തം മാരകമായ സ്റ്റീൽ ബോംബ് എറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പ്രത്യയശാസ്ത്രം കൊണ്ട് ആർഎസ്എസിനെ ചെറുക്കാനാവില്ലെന്ന് മനസ്സിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയോഗിച്ച് അതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് വേണ്ടത് രക്തമാണ്, രക്തസാക്ഷികളെയാണ്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പിൽ പ്രതിഷേധിച്ച് ആർഎസ്എസ് സിപിഎമ്മുമായി ഏറ്റുമുട്ടുമെന്നാണ് അക്രമികൾ കരുതുന്നത്. എകെജി സെന്‍റർ ബോംബാക്രമണം ഇപ്പോൾ വാർത്തയല്ല. പ്രതികളെക്കുറിച്ച് നിശബ്ദതയാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ബോംബേറ് കേസ് പിൻവലിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം അണികളെ ആയുധമാക്കി എന്തും ചെയ്യാൻ അനുവദിച്ചതിന് സിപിഎമ്മിന് ദുഃഖിക്കേണ്ടി വരുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

അതേസമയം കണ്ണൂർ ജില്ലയിൽ ബോംബിന്‍റെ പാരമ്പര്യം കോൺഗ്രസിനെന്ന പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നിയമസഭയിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. പന്തക്കപ്പാറയിൽ കോലങ്ങരേത്ത് രാഘവൻ എന്ന ബീഡിത്തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കോൺഗ്രസ് നേതാക്കളാണ് ബോംബാക്രമണത്തിന് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

By newsten