മുംബൈ: ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തിയ ചിത്രം പങ്കുവച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പുറകിൽ മുറിവേറ്റ ഒരാൾ വെള്ള കുർത്ത ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സഞ്ജയ് ട്വിറ്ററിൽ പങ്കുവച്ചത്. മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും അദ്ദേഹം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.
ശിവസേനയുടെ 40 എംഎൽഎമാരാണ് ഉദ്ധവിനുള്ള പിന്തുണ പിൻവലിച്ചത്. അധികാരത്തിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഉദ്ധവ് താക്കറെ ഇന്നലെ രാത്രി രാജിവച്ചിരുന്നു. സ്വന്തം ആളുകൾ തന്നെ വഞ്ചിച്ചുവെന്ന് അണികളെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു.
എംഎൽഎമാർ സൂററ്റിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും പോയപ്പോൾ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ഉപേക്ഷിച്ച് കുടുംബ വസതിയായ മാതോശ്രീയിലേക്ക് പോയി. ഏക്നാഥ് ഷിൻഡെയും വിമത എംഎൽഎമാരും ഇന്ന് ഗവർണറെ കാണും. അതേസമയം, 170 എംഎൽഎമാരുടെ പിന്തുണ പാർട്ടിക്കുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അവകാശപ്പെട്ടു.