തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. അസിസ്റ്റന്‍റ് ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസാണ് രണ്ടാം പ്രതി. ഇവരടക്കം അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പൊതുമുതൽ നശിപ്പിച്ച കേസും നിലവിലുണ്ട്. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തു. പ്രതിപ്പട്ടികയിലുള്ള 1 മുതൽ 15 വരെയുള്ള വൈദികർ സംഘർഷസ്ഥലത്ത് നേരിട്ട് ഹാജരായിരുന്നില്ല. എന്നാൽ, ഇവർ ഗൂഢാലോചന നടത്തിയെന്നും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ വിളിച്ചുകൂട്ടി മുള്ളൂരിലെത്തി സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ ലംഘിച്ച് ബഹളമുണ്ടാക്കിയെന്നും പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.
വധശ്രമം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 96 പേരുടെ പട്ടികയാണ് എഫ്.ഐ.ആറിൽ പ്രതിചേർത്തിരിക്കുന്നത്. നേരത്തെ, മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർക്കെതിരെ വധശ്രമം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി, തുറമുഖ നിർമ്മാണത്തെ എതിർത്ത സമരസമിതിക്കെതിരെ ഒമ്പത് കേസുകളും തുറമുഖ നിർമ്മാണത്തെ പിന്തുണയ്ക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.