ന്യൂഡല്‍ഹി: ഇതാദ്യമായാണ് പാർലമെന്‍റന് പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
പാർലമെന്‍റ് മന്ദിരത്തിലെ വളപ്പില്‍ പ്രതിഷേധ ധർണകളും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ച് രാജ്യസഭാ സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് വി.മുരളീധരന്‍റെ പ്രതികരണം.
പാർലമെന്‍റിന് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നിരോധിച്ചുകൊണ്ട് സെക്രട്ടറി ജനറൽ ഉത്തരവിറക്കിയത് ഇതാദ്യമാണോയെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ജനങ്ങളോട് പറയണം. ആദ്യമായാണ് ഇത്തരമൊരു പാര്‍ലമെന്ററി ബുള്ളറ്റിന്‍ ഇറക്കുന്നതെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്നും മുരളീധരൻ പറഞ്ഞു.