തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കണ്ട്രോൾ ടവർ നിർമ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സിവിൽ ഏവിയേഷൻ സഹമന്ത്രിയെ സന്ദർശിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടിയിരുന്ന പുതിയ ടവർ കോംപ്ലക്സ് പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. വിമാനത്താവളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ എടിസി ടവർ ആവശ്യമാണെന്ന് വി മുരളീധരൻ സിവിൽ ഏവിയേഷൻ മന്ത്രിയെ അറിയിച്ചു.
ഇപ്പോഴത്തെ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 2018 ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അനുമതിയും ഫണ്ടും അനുവദിച്ചിരുന്നുവെങ്കിലും പദ്ധതി പിന്നീട് ഫയലിൽ വയ്ക്കുകയായിരുന്നു. തിരുവനന്തപുരം വ്യോമാതിർത്തിക്കുള്ളിൽ 46,000 അടി ഉയരത്തിലും പടിഞ്ഞാറ് അറബിക്കടലിനു മുകളിലൂടെ 250 മൈലിലും തെക്കുകിഴക്ക് കൊളംബോ റൂട്ടിൽ 120 മൈലിലും സഞ്ചരിക്കുന്ന എല്ലാ ദേശീയ അന്തർദ്ദേശീയ വിമാനങ്ങൾക്കും നിർദ്ദേശം നൽകുന്നത് തിരുവനന്തപുരം എയർ ട്രാഫിക് കണ്ട്രോൾ ആണ്(ടിടിസി) . കോയമ്പത്തൂരിന്റെ പരിധിക്കുള്ളിലും തെക്ക് മാലിദ്വീപിലേക്കുള്ള 200 മൈൽ ദൂരത്തിലും വിമാനങ്ങൾ നിയന്ത്രിക്കുന്നത് ഇതേ ടവറാണ്.