തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ ആവശ്യമായ യോഗ്യതകൾ തനിക്കുണ്ടെന്ന് ചാൻസലർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 24നാണ് മഹാദേവൻ പിള്ള വിരമിച്ചത്.
നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും രാജിവച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാർക്ക് ഗവർണർ നിർദ്ദേശം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് നടപടി. ഇതിനെതിരെ വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫിഷറീസ് സമുദ്ര പഠന സർവകലാശാല, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, ഡിജിറ്റൽ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസിമാർക്കാണ് നിർദ്ദേശം നൽകിയത്.