Spread the love

യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവ് പൂർണമായും തള്ളി കേരള കോൺഗ്രസ് (എം). പറയുമ്പോൾ വരാനും പോകാനും ഉള്ള പാർട്ടിയല്ല കേരള കോൺഗ്രസ് എന്നും മുന്നണിയിൽ തൃപ്തരാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ ചിന്തൻ ശിബിരം പ്രമേയം യു.ഡി.എഫ് പാളയത്തിൽ കടുത്ത ഭിന്നത സൃഷ്ടിക്കുമെന്നാണ് കേരള കോൺഗ്രസ് (എം) വിലയിരുത്തൽ.

കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ നൽകിയ പരിഗണന ഉയർത്തി മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ പ്രതിരോധിക്കുകയാണ് പാർട്ടി. സമീപകാലത്ത് ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

മധ്യകേരളത്തിലെ കേരള കോൺഗ്രസിന്‍റെ കരുത്ത് തിരിച്ചറിഞ്ഞതാണ് ഇത്തരം ചർച്ചകൾ കോൺഗ്രസിൽ സജീവമാകാൻ കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം, മുന്നണിയിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കോൺഗ്രസ് നടത്തിയ നീക്കങ്ങളിൽ ജോസഫ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളെ അപ്രസക്തമാക്കാനുള്ള നീക്കങ്ങൾക്ക് തടയിടാനുളള ശ്രമങ്ങളും ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) യുഡിഎഫിൽ ചേർന്നാലും പാലായിൽ ഭൂരിപക്ഷം വർധിക്കുമെന്നായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പന്‍റെ പ്രതികരണം.

By newsten