തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ മനസിലാക്കി ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും റവന്യൂ മന്ത്രി കെ രാജൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലുടനീളം നാല് ലക്ഷം പേരെ പാർപ്പിക്കാൻ 3,071 കെട്ടിടങ്ങൾ നിലവിൽ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിൽ അവധിയിലുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാൻ റവന്യൂ മന്ത്രി കെ രാജൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.