കോട്ടത്തറ: വെള്ളമില്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങുകയും മറ്റ് ആശുപത്രികളിലേക്ക് പോകുകയും ചെയ്തു.
രണ്ട് ദിവസമായി ആശുപത്രിയിൽ വെള്ളമില്ലായിരുന്നു. മോട്ടോറിൽ ചെളി അടിഞ്ഞുകൂടിയതാണ് വെള്ളം കട്ട് ആകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാത്രമാണ് നിർത്തിവച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അതേസമയം, ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവച്ച വിഷയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യ, വൈദ്യുതി മന്ത്രിമാരുമായി ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാത്രി 10 മണിയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകും. ഏകോപന ചുമതല കളക്ടറെ ഏൽപ്പിച്ചിട്ടുണ്ട്.