തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ കഴിയൂ. മതനിരപേക്ഷതയുടെ യഥാർത്ഥ പോരാളിയാണ് രാഹുൽ എന്ന് ഒരു സംശയവും കൂടാതെ പറയാം. തനിക്ക് ഇപ്പോഴും നിരവധി രാഷ്ട്രീയ ഓപ്ഷനുകൾ ഉണ്ടെന്നാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞത്. ഈ പ്രസ്താവനയിൽ നിന്ന് തരൂരിന് രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്ന് മനസിലാക്കാൻ കഴിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് സംസ്ഥാനത്തെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനോട് വിരോധമില്ലെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും നേതൃനിരയിൽ ഉണ്ടാകണമെന്നാണ് നേതാക്കൾ ആഗ്രഹിക്കുന്നത്.