ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ, സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 15 വയസുകാരന്, ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിച്ചു. ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 രൂപ പിഴയും ചുമത്തി. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസുകാരനെതിരെ നടപടിയെടുത്തത്.
യോഗി ആദിത്യനാഥിൻറെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശവുമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രസിഡൻറ് അഞ്ജൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യത്തെ കേസാണെന്ന വസ്തുതയും കണക്കിലെടുത്താണ് ശിക്ഷ ഇളവ് നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു.