സർട്ടിഫിക്കറ്റുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. ഡിജിലോക്കർ സേവനത്തിനായി പുതിയ സംവിധാനം ഒരുക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയിലേക്ക് ഡിജിറ്റൽ ആക്സസ് നൽകുന്ന സംവിധാനമാണ് ഡിജിലോക്കർ. 9013151515 ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’ നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ സേവനം ആക്സസ് ചെയ്യാൻ കഴിയും. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ രേഖകൾ ഡിജിറ്റലായി സംഭരിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2015 ൽ ഇന്ത്യാ ഗവൺമെൻറ് ആരംഭിച്ച സംവിധാനമാണ് ഡിജിലോക്കർ.
കോവിഡ് -19 പ്രതിസന്ധിയിൽ രോഗത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനും വാക്സിനേഷൻ ബുക്ക് ചെയ്യുന്നതിനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’ ആരംഭിച്ചു. ഇതിലൂടെയാണ് ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പിൽ ലഭ്യമാകുന്നത്.
പുതിയ ഡിജിലോക്കർ അക്കൗണ്ട് തുറന്ന് പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്ലാസ് 1012 പാസ് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആവശ്യാനുസരണം ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ തുടങ്ങിയ രേഖകൾ ഡൗൺലോഡ് ചെയ്യാനും പുതിയ സംവിധാനം ഉപയോഗിക്കാം.
വാട്ട്സ്ആപ്പിലെ മൈ ഗവ് ഹെൽപ്പ് ഡെസ്ക് ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ സുതാര്യവും ലളിതവുമാക്കുകയാണ് ലക്ഷ്യം. വാട്ട്സ്ആപ്പ് വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി പൗരൻമാരിലേക്ക് എത്തുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എല്ലാ സർക്കാർ സേവനങ്ങളും പൗരൻമാരുടെ വിരൽത്തുമ്പിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് വാട്ട്സ്ആപ്പിലെ മൈ ഗവ് ഹെൽപ്പ് ഡെസ്കെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ മാത്രമേ വാട്ട്സ്ആപ്പ് വഴി ലഭ്യമാകൂ. ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാത്തവർ രേഖകൾ ഡിജിലോക്കറിലേക്ക് അപ്ലോഡ് ചെയ്യണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് അവ വാട്ട്സ്ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.