Spread the love

കെനിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് വിശ്വസിക്കപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.  ബുധനാഴ്ചത്തെ ക്ലാസിൽ പങ്കെടുത്തതിന് ശേഷം പ്രിസില്ലയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ മരണപ്പെടുകയുമായിരുന്നു. 

അടുത്തയാഴ്ച ആരംഭിക്കാനിരുന്ന അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിസില്ലയുടെ മരണം. യു.എൻ സാംസ്കാരിക വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയുടെ ഒരു ചിത്രത്തിന് പ്രിസില്ലയുടെ കഥ പ്രചോദനമായിരുന്നു. ബ്രിട്ടീഷ് കെനിയയിലാണ് പ്രിസില്ല ജനിച്ചത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരങ്ങൾക്കിടയിലാണ് അവർ വളർന്നത്.  

യുവ അമ്മമാരെ സ്കൂളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ കഴിഞ്ഞ വർഷം യുനെസ്കോയോട് പറഞ്ഞു. “അവർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സ്കൂളിൽ പഠിക്കാത്ത മറ്റ് പെൺകുട്ടികൾക്കും ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കൂടാതെ, നിങ്ങളും കോഴിയും തമ്മിൽ ഒരു വ്യത്യാസവുമില്ല,” അവർ അക്കാലത്ത് പറഞ്ഞു. ഇതോടെയാണ് പ്രിസില്ല ലോകമെമ്പാടും പ്രശസ്തയായത്. 

By newsten