Spread the love

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയാണ് നൽകുന്നത്. കേരളത്തിലെ എല്ലാ മേഖലകളുടെയും പുരോഗതിക്ക് പ്രവാസി മേഖലയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ ജീവിത നിലവാരം നിലനിർത്തുന്നതിൽ പ്രവാസികളും പ്രധാന പങ്ക് വഹിക്കുന്നു.

രാജ്യത്തേക്ക് വിദേശനാണ്യം ലഭിക്കുന്നതിനുള്ള കാര്യത്തിലും പ്രവാസികൾ വളരെയധികം സംഭാവന നൽകുന്നു. സംസ്ഥാനം പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിട്ടപ്പോഴും ജനിച്ച നാടിനെ ഉയർത്തിക്കൊണ്ടുവരാൻ പ്രവാസികൾ നൽകിയ സഹായം ആർക്കും മറക്കാനാവില്ല. മറ്റെല്ലാ മേഖലകളെയും പോലെ കൊവിഡ് കാലഘട്ടവും പ്രവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. പ്രവാസികളുടെ പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ പൊതുപ്രശ്നമായി അഭിസംബോധന ചെയ്യുന്നതിനുള്ള സംവിധാനമായി ലോക കേരള സഭ പ്രവർത്തിക്കുമെന്ന് പ്രവാസികൾ പ്രഖ്യാപിച്ചു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം അവസാന ഘട്ടത്തിൽ പിൻമാറിയ നടപടിയാണ് പ്രതിപക്ഷം സ്വീകരിച്ചത്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷത്തിന് താൽപ്പര്യമില്ലെന്ന് അവരുടെ നടപടികളിൽ നിന്ന് വ്യക്തമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

By newsten