Spread the love

പെരിന്തൽമണ്ണ: ചാറ്റൽമഴയിൽ ചക്രങ്ങൾ തെന്നിമാറുന്നതിനെ തുടർന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ രാവിലെ ചെറുകരയിൽ വച്ചാണ് അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചതിനാൽ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-നിലമ്പൂർ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ രാവിലെ 7.40ന് ചെറുകര റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു.
അവിടെനിന്നും പുറപ്പെട്ട് കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴേക്കും വീൽ സ്ലിപ്പിങ് മൂലം മുന്നോട്ടു പോകാൻ കഴിയാതായി. പ്രശ്നം പരിഹരിച്ച് 8.10ന് യാത്ര പുനരാരംഭിച്ചു. ഇതോടെ അടച്ചിട്ട ചെറുകര ഗേറ്റിന്‍റെ ഇരുവശങ്ങളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചവരെയുള്ള മറ്റ് ട്രെയിനുകളും വൈകി. ചാറ്റൽ മഴയുള്ളപ്പോഴാണ് വീൽ സ്ലിപ്പിങ് സംഭവിക്കാറുള്ളത്. പാതയിൽ ചെറുകര, പട്ടിക്കാട്, മേലാറ്റൂർ ഭാഗങ്ങളിൽ ഇത് ഇടയ്ക്ക് സംഭവിക്കാറുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

By newsten