മുസാഫർപുർ: കോവിഡ് -19 പ്രതിസന്ധിക്കിടെ രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിഹാർ മന്ത്രി റാം സൂറത്ത് റായ്. നരേന്ദ്ര മോദിയാണ് ജനങ്ങൾ ജീവിച്ചിരിക്കാൻ കാരണമെന്ന് റാം സൂറത്ത് റായ് പറഞ്ഞു. മുസാഫർപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അതിന്‍റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് അദ്ദേഹം വാക്സിൻ വികസിപ്പിക്കുകയും അത് രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്തു,” ബീഹാർ ബിജെപി നേതാവ് പറഞ്ഞു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി രാജ്യങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നുണ്ടെന്നും അതേസമയം, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല രാജ്യങ്ങളും ഇപ്പോഴും കൊവിഡ് പ്രതിസന്ധി നേരിടുകയാണ്. “എന്നാൽ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി വളരെ വേഗത്തിൽ മെച്ചപ്പെടുകയാണ്. പാകിസ്ഥാനിലുള്ളവരുമായി സംസാരിക്കുക, അവിടെ എന്താണ് സ്ഥിതിയെന്ന് മാധ്യമങ്ങളിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും, പക്ഷേ ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണ്,” റായ് പറഞ്ഞു. കഴിഞ്ഞയാഴ്ച രാജ്യത്ത് 200 കോടി ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നു.