നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ കുറ്റപത്രവും നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം വിചാരണക്കോടതി ഇന്ന് സ്വീകരിക്കും. വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സെഷൻസ് കോടതി വഴിയാണ് വിചാരണക്കോടതിയിലെത്തിയത്.
കുറ്റപത്രം ഫയലിൽ സ്വീകരിച്ചാലുടൻ വിചാരണ നടപടികൾ പുനരാരംഭിക്കും. വിചാരണ ഉടൻ പുനരാരംഭിക്കുമെന്നും ഇത് വൈകിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വരുത്തിയതുൾപ്പെടെയുള്ള അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആഷിഖ് അബു, ചെമ്പൻ വിനോദ്, മഞ്ജു വാര്യർ, രഞ്ജു രഞ്ജിമാർ, വീട്ടുജോലിക്കാരനായ ദാസൻ എന്നിവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. പൾസർ സുനിയിൽ നിന്നാണോ അതോ മറ്റേതെങ്കിലും ഉറവിടം വഴിയാണോ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതെന്നാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ടുകൾ.