ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ് ഇരു രാജ്യങ്ങളിലെയും റെയിൽവേ മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്ലാം സുജോണും വീഡിയോ കോണ്‍ഫറൻസിംഗ് വഴി പരിപാടി ഫ്ളാഗ് ഓഫ് ചെയ്യുക. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങുകൾ നടക്കുക.
ആഴ്ചയിൽ രണ്ടു ദിവസം ട്രെയിൻ ഓടും. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ നിന്ന് 513 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധാക്ക കൻറോൺമെൻറിൽ ഒൻപത് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. പുതിയ ട്രെയിൻ സർവീസ് ഇന്ത്യയുമായും ബംഗ്ലാദേശുമായും ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് വടക്കുകിഴക്കൻ അതിർത്തി റെയിൽവേ വക്താവ് പറഞ്ഞു.