തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര വകുപ്പിനെ മാറ്റത്തിലേക്ക് നയിക്കുന്നത്.
പ്രേത വിചാരണയ്ക്ക് പകരം ഇൻക്വസ്റ്റ് എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കാനാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി അജികുമാർ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള മൃതശരീര പരിശോധനയെ പ്രേതവിചാരണ എന്നും മൃതദേഹത്തിന്‍റെ സുരക്ഷയെ പ്രേതബന്ധവസ് ഡ്യൂട്ടി എന്നുമാണ് വിളിച്ചിരുന്നത്. മൃതശരീരത്തെ ആദരവോടെ സമീപിക്കുന്നത് കേരളത്തിന്‍റെയും നാടിന്‍റെയും സംസ്കാരമാണ്. ജനപ്രതിനിധികളും സർക്കാരും പോലും മൃതശരീരം, ഭൗതികശരീരം എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പൊലീസ് പദാവലിയിൽ മാറ്റം വരുത്തണമെന്ന് ബോബൻ ആവശ്യപ്പെട്ടത്.