Spread the love

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പരസ്യ വധശിക്ഷ താലിബാൻ നടപ്പാക്കി. താജ്മിർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് താജ്മിറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ഉന്നത കോടതികൾ ശിക്ഷ ശരിവച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് താലിബാൻ വക്താവ് പറഞ്ഞു. പ്രതിക്ക് മാപ്പ് നൽകണമെന്ന താലിബാന്‍റെ ആവശ്യത്തെ താൻ എതിർത്തതായി കൊല്ലപ്പെട്ടയാളുടെ അമ്മ പറഞ്ഞു.

വധശിക്ഷ അടക്കമുള്ളവ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ താലിബാൻ കഴിഞ്ഞ മാസം കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, മുമ്പത്തെ കഠിനമായ ശിക്ഷകളിൽ ഇളവുണ്ടാകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പരസ്യമായി വധശിക്ഷ നടപ്പാക്കിയതോടെ താലിബാൻ വീണ്ടും കടുത്ത നിയമങ്ങൾ നടപ്പാക്കുമെന്ന ആശങ്ക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

By newsten