തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്ററാക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് രണ്ടാമത്തെ തെറ്റ്. പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും 4 തവണയാണ് സമയം അനുവദിച്ചത്. എന്നിട്ടും സംസ്ഥാന സർക്കാർ ഒരു വിവരവും നൽകിയില്ല.
സുപ്രീം കോടതി വിധി മന്ത്രിസഭ ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ ഇറക്കിയ ഉത്തരവിൽ ജനവാസ മേഖലകൾ ഉൾപ്പെടെ ഒരു കിലോമീറ്റർ ബഫർ സോണായി പരാമർശിച്ചിട്ടുണ്ട്. ഇതാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവെന്നും സതീശൻ പറഞ്ഞു. വയനാട്ടിലെയും ഇടുക്കിയിലെയും ബഫർ സോൺ വിധിക്കെതിരെ ഇത്തരമൊരു ഉത്തരവ് ഇറക്കിയവർ തന്നെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പരിഹസിച്ചു.
കേരളത്തിലെ ഒരു ലക്ഷം കുടുംബങ്ങളെയെങ്കിലും ഈ വിധി ബാധിക്കും. സുപ്രീം കോടതി വിധിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം നൽകണം. കേന്ദ്ര എംപവേർഡ് കമ്മിറ്റിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നൽകിയാൽ മാറ്റങ്ങൾ വരുത്താം. സതീശൻ പറഞ്ഞു.