കണ്ണൂര്‍: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റയും മാന്യത തകരുന്ന ഘട്ടത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും സുധാകരൻ പറഞ്ഞു.
ഇത് ഇ പി ജയരാജന്റെ രാഷ്ട്രീയ തന്ത്രമാണ്. കെ. സുധാകരന് മാത്രമല്ല, ഒരു കോൺഗ്രസ് പ്രവർത്തകന് പോലും ആക്രമണത്തിൽ പങ്കില്ല. ഏതെങ്കിലും സാമാന്യ ബുദ്ധിയുള്ള രാഷ്ട്രീയ പാർട്ടി അവരുടെ ദേശീയ നേതാവ് സംസ്ഥാനത്ത് എത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓഫീസ് തകർത്ത സാഹചര്യത്തിൽ അത്തരമൊരു ആക്രമണം നടത്തുമോ?
അദ്ദേഹത്തിന്റെ വരവിന്റെ പ്രചാരണവും പ്രൗഢിയും നശിപ്പിക്കാൻ കോൺഗ്രസുകാർ തയ്യാറാണെന്ന് ആരെങ്കിലും വിചാരിച്ചാൽ അവർ വിഡ്ഢികളാണ്. അത്തരമൊരു ആക്രമണം നടത്താനും ആ സന്ദർശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാവില്ല.