കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസിനു മറുപടിനല്‍കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നീക്കം. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് വി.സിമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സംസ്ഥാനത്ത് നിലവിലുള്ള ആറ് വൈസ് ചാൻസലർമാർക്കൊപ്പം റിട്ടയേർഡ് വിസി ഡോ.മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിരമിച്ച ശേഷവും മഹാദേവൻ പിള്ളയ്ക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഫണ്ട് തിരിമറി, ഗുരുതരമായ സ്വഭാവ ദൂഷ്യം എന്നീ ആരോപണങ്ങളിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ നേരിട്ട് അന്വേഷണം നടത്തുകയും തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയൂ. ഇത്തരമൊരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും അവർ കോടതിയെ അറിയിച്ചു. അതിനാൽ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും അത് നിയമപരമായി നിലനിൽക്കില്ലെന്നും വിസിമാർ കോടതിയിൽ ചൂണ്ടിക്കാട്ടി.