ഗ്വാട്ടിമാല: ലോക സമുദ്ര ദിനാഘോഷങ്ങൾക്ക് ശേഷം ഗ്വാട്ടിമാല കടൽ വൃത്തിയാക്കാൻ വ്യത്യസ്തമായ ഒരു ശ്രമം നടത്തിവരികയാണ്. കടലിലേക്ക് ഒഴുകുന്ന നദികളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിൽ എത്തുന്നതിനുമുമ്പ് വേർതിരിച്ച് സമുദ്ര ശുചീകരണത്തിന്റെ ഒരു സവിശേഷ മാതൃകയാവുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. മാലിന്യ വാഹകരായ നദികളുടെ ക്രമാനുഗതമായ എണ്ണം വർധിച്ചുവരുന്നതിനാൽ കടൽ അതിവേഗം മലിനമാകുന്നുവെന്ന വസ്തുത ലോകം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന്റെ അതിജീവനത്തെ സാരമായി ബാധിക്കുന്ന ഈ ദുരന്തത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഗ്വാട്ടിമാല.അതിനായി ഓഷ്യൻ ക്ലീൻ അപ്പ് ടീം എന്ന പേരിൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ അതുല്യമായ ഒരു ശ്രമം നടത്തുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമായി കടലിലേക്ക് ഒഴുകുന്ന നൂറോളം നദികൾ സംഘം കണ്ടെത്തി.
അതിലൊന്നാണ് ഗ്വാട്ടിമാലയിലെ പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് മൊട്ടാഗ്വ നദിയിൽ ചേർന്ന് കരീബിയൻ കടലിൽ എത്തിച്ചേരുന്ന ലാസ് വാക്കാസ് നദി. പ്രതിവർഷം 20,000 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് നദിയിലൂടെ ഒഴുകുന്നത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകത്തിലെ മൊത്തം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 2% ഈ നദിയിൽ നിന്നാണ് വരുന്നത്. ശുചീകരണ പ്രക്രിയയുടെ ആരംഭത്തിലേക്കുള്ള ചുവടുവയ്പ്പായി ലാസ് വാക്കസ് നദിയിൽ ഒരു ട്രാഷ് ഫെൻസ് അഥവാ ചവറുവേലി സ്ഥാപിച്ചിട്ടുണ്ട്.
പുഴയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ഈ ചവറുവേലിയിലൂടെ ശേഖരിച്ച് കരയിലേക്ക് മാറ്റി സംസ്കരിക്കും. പരീക്ഷണ ഘട്ടം വിജയകരമായാൽ പ്രതിവർഷം 1,000 നദികൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘടനയുടെ തലവനായ ബോയൻ സ്ലാറ്റ് പറഞ്ഞു. വരുംതലമുറയ്ക്കായി സമുദ്ര സമ്പത്ത് സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയായി ഓരോ പൗരനും കാണണമെന്നും ഓഷ്യൻ ക്ലീൻ അപ്പ് ആഹ്വാനം ചെയ്യുന്നു.