രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യനുണ്ട് തെലങ്കാനയിൽ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റവുത്ല ജനാർദൻ ആണ് തന്റെ ജീവിതവും ആരോഗ്യവും പ്രകൃതി സംരക്ഷണത്തിനായി സമർപ്പിച്ചത്. ഭൂമിയെ സ്വന്തം അമ്മയായാണ് ഇദ്ദേഹം കണക്കാക്കുന്നത്. പ്രകൃതിയോടുള്ള ഈ അടങ്ങാത്ത സ്നേഹം കാരണം അദ്ദേഹം ‘പച്ച മനുഷ്യൻ’ എന്നാണ് അറിയപ്പെടുന്നത്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളെയും പച്ചയാക്കി മാറ്റി. വസ്ത്രങ്ങൾ, സ്കൂട്ടർ, ശിരോവസ്ത്രം, പേന, പുസ്തകങ്ങൾ എന്നിവയുൾപ്പെടെ അദ്ദേഹം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പച്ച നിറത്തിലായിരിക്കും.
ജനാർദന്‍ തന്റെ സ്കൂൾ പഠനകാലത്തുതന്നെ പ്രകൃതിയോടുള്ള ഈ അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. പ്രകൃതിയെ അനാവശ്യമായി ദ്രോഹിക്കുന്നത് തുടരുകയാണെങ്കിൽ, തൊഴിലില്ലായ്മയോ പട്ടിണിയോ ആയിരിക്കില്ല, മറിച്ച് പ്രകൃതി ദുരന്തങ്ങൾ ആകും വരും കാലങ്ങളിൽ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം കരുതി. അതോടെ, പ്രകൃതി സംരക്ഷണം അദ്ദേഹം തന്റെ ദൗത്യമായി ഏറ്റെടുത്തു. ഒരു പ്രിന്റിംഗ് പ്രസ്സ് നടത്തുന്നുണ്ടെങ്കിലും, പ്രകൃതിയെ സംരക്ഷിക്കാനാണ് അദ്ദേഹം തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.