Spread the love

ന്യൂഡല്‍ഹി: രാജ്യത്തെ നിയമനിർമ്മാണത്തിന്‍റെ ഗുണനിലവാരം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. പ്രതിപക്ഷത്തിന്‍റെ നിലപാട് ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിർപ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാൻ നിയമസഭയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

നിയമസഭകൾ എത്ര ദിവസം ചേരണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. നിയമസഭകൾ ഏതാനും ദിവസങ്ങളിൽ മാത്രമാണ് ഇരിക്കുന്നത്. സഭകൾ സാധ്യതകൾ പൂർണ്ണമായും ഉപയോഗിക്കുന്നില്ല. ഇത് നിയമനിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമങ്ങൾ പലപ്പോഴും എല്ലാ വശങ്ങളും ചർച്ച ചെയ്യാതെ പാസാക്കുന്നു. “ഒരു ജഡ്ജി എന്ന നിലയിൽ, അത്തരം നിയമങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

പാർലമെന്‍ററി ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ശക്തമായതും ചടുലവുമായ പ്രതിപക്ഷം ഭരണത്തിലെയും സർക്കാരിലെയും തെറ്റുകൾ തിരുത്താൻ സഹായിക്കും. സർക്കാരും പ്രതിപക്ഷവും തമ്മിൽ പരസ്പര ബഹുമാനം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രതിപക്ഷത്തിന്‍റെ നിലപാട് ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിർപ്പ് ശത്രുതയിലേക്ക് പോകരുത്. നിർഭാഗ്യകരമായ കാര്യം നാം അതിന് സാക്ഷ്യം വഹിക്കുന്നു എന്നതാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ല,” ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.

By newsten