Spread the love

എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്താൻ തിരുവനന്തപുരം കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടി.ഡി.എൻ.പി പ്ലസ് കെയർ ആൻഡ് സപ്പോർട്ട് സെന്‍ററിന്‍റെ പ്രവർത്തനം യോഗം അവലോകനം ചെയ്തു.

ജില്ലയിലെ മുഴുവൻ എച്ച്ഐവി ബാധിതരെയും ചികിത്സയ്ക്കായി കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ് നൽകുന്നതിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അവരുടെ പോഷകാഹാര വിതരണത്തിന് കൂടുതൽ ഫണ്ട് വിനിയോഗിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

നിലവിൽ സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ നിർദ്ദേശം നൽകി. അർഹരായ എല്ലാ രോഗികൾക്കും വൈദ്യസഹായം നൽകുമെന്നും ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പുകൾ ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.

By newsten