Spread the love

ന്യൂഡൽഹി: ഗോത്രവർഗ്ഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും പട്നായിക് പറഞ്ഞു.

‘എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ച് എന്നോട് സംസാരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഒഡീഷയിലെ ജനങ്ങൾക്ക് ഇത് അഭിമാന നിമിഷമാണ്. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി ദ്രൗപദി മുർമു മാറും,” പട്നായിക് ട്വിറ്ററിൽ കുറിച്ചു.

ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതിലൂടെ ബിജെഡിയുടെ വോട്ടുകളാണ് ബിജെപി ലക്ഷ്യമിട്ടത്. ഒഡീഷയിലെ മുൻ മന്ത്രിയാണ് ദ്രൗപദി. ബിജെഡിയുടെയും വൈഎസ്ആർസിപിയുടെയും പിന്തുണയോടെ ദ്രൗപദിയുടെ വിജയം എളുപ്പമാകും. നേരത്തെ വൈഎസ്ആർസിപി എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് (84) പ്രതിപക്ഷ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് അടുത്ത മാസം 18ന് നടക്കും.

By newsten