ന്യുഡൽഹി: മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് ശരത് പവാർ വ്യക്തമാക്കി. പ്രതിപക്ഷത്തിന് വേണ്ടി ഒരു പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യോഗത്തിൽ ധാരണയായി. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഈ മാസം 21ന് മുമ്പ് വീണ്ടും യോഗം ചേരും.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമതാ ബാനർജി വീണ്ടും ശരദ് പവാറിൻറെ പേര് രാഷ്ട്രപതി സ്ഥാനാർഥിയായി നിർദ്ദേശിച്ചെങ്കിലും പവാർ നിരസിക്കുകയായിരുന്നു.
ഗോപാൽ കൃഷ്ണ ഗാന്ധിയുടെയും ഫാറൂഖ് അബ്ദുള്ളയുടെയും പേരുകൾ മമത നിർദ്ദേശിച്ചപ്പോൾ, ഉടൻ ഒരു പേരിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.