ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ പൊതു സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കോൺഗ്രസ്സ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിജയസാധ്യതയില്ലാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം പ്രകടിപ്പിക്കാനുള്ള പ്രതിപക്ഷത്തിനുള്ള വേദിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതികൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ചർച്ച നടത്തി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ കൂടുതൽ ചർച്ചകൾക്ക് ചുമതലപ്പെടുത്തി. ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സർക്കാരിനൊപ്പം നിൽക്കുന്നതിനാൽ പ്രതിപക്ഷത്തിന് വിജയസാധ്യതയില്ല. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യം എന്ന ആശയം എത്രത്തോളം പ്രായോഗികമാണെന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് തെളിയിക്കും.