പശ്ചിമ ബംഗാൾ: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം ഇന്ന് ചേരും. ശരദ് പവാർ സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരായിരിക്കും പുതിയ സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇടതുപാർട്ടികളും കോൺഗ്രസും യോഗത്തിൽ പങ്കെടുക്കും. പ്രസിഡൻറ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും ഇന്ന് പുറപ്പെടുവിക്കും.
താൻ സ്ഥാനാർത്ഥിയാകില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ അറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ശരദ് പവാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. എൻഡിഎ സമവായ സ്ഥാനാർത്ഥിയുടെ സൂചനകളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാൽ മത്സരത്തിനില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്വീകാര്യനായ, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, ദേശീയ രാഷ്ട്രീയത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് പൊതുധാരണ. ശരദ് പവാറിൻറെ പേര് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിർദേശിച്ചിരുന്നു. പവാറിനെ സ്ഥാനാർത്ഥിയാക്കിയാൽ സ്വീകരിക്കുമെന്ന് കോൺഗ്രസും ഇടതുപക്ഷവും സൂചിപ്പിച്ചിരുന്നു. പവാറിനെ അംഗീകരിക്കുമെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താൻ സ്ഥാനാർത്ഥിയാകില്ലെന്ന് പവാർ വ്യക്തമാക്കിയത്.