ന്യൂഡല്‍ഹി: അടുത്ത പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് ബിജെപി. പ്രതിപക്ഷവുമായി ചർച്ച നടത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാർട്ടി ചുമതലപ്പെടുത്തി. എൻഡിഎയിലെ ബിജെപി ഇതര പാർട്ടികൾ, യുപിഎ, മറ്റ് പ്രാദേശിക പാർട്ടികൾ, സ്വതന്ത്ര എംപിമാർ എന്നിവരുമായും ഇരു നേതാക്കളും ചർച്ച നടത്തും. ജൂലൈ 18നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും. ജെപി നദ്ദയ്ക്കും രാജ്നാഥ് സിംഗിനും പാർട്ടി ചുമതല നൽകിയതായി ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് രാജ്യത്തെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസും സി.പി.എമ്മും ഇതിൽ പങ്കെടുക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനിരിക്കെയാണ് മമതയുടെ നീക്കം. ഇതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. സോണിയാ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പ്രതിപക്ഷ നേതാക്കളെ കാണാനുള്ള ചുമതല നൽകിയിട്ടുണ്ട്. ജൂണ്‍ 15ന് കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബിലാണ് മമതയുടെ യോഗം. പ്രതിപക്ഷ പാളയത്തിൽ ഒരു പൊതു സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് സൂചന.
തിരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എൽ.എമാരും രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തും. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ലഭിക്കില്ല. നിലവിലെ കണക്കുകൾ എൻഡിഎയ്ക്ക് അനുകൂലമാണ്. ഇലക്ടറൽ കോളജിൽ എൻഡിഎയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ടുള്ളത്. 2017 ൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരെ പാർട്ടി അധ്യക്ഷനായ അമിത് ഷാ ഇതിനായി നിയമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായത്.