Spread the love

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. എൻസിപി നേതാവ് ശരദ് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഗോപാൽ കൃഷ്ണ ഗാന്ധി പിൻമാറിയ പശ്ചാത്തലത്തിൽ സുശീൽ കുമാർ ഷിൻഡെ, യശ്വന്ത് സിൻഹ എന്നിവരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും. മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. പകരം മരുമകൻ അഭിഷേക് ബാനർജി തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കും. ആദ്യ യോഗത്തിൽ പങ്കെടുക്കാതിരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ തന്നെക്കാൾ അർഹതയുള്ളവർ ഉണ്ടെന്ന് ഗാന്ധി പറയുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ പിൻമാറ്റം.

By newsten