തിരുവനന്തപുരം: ഇസ്ലാമിക നിയമപ്രകാരം വിവാഹത്തിന് വരന്റെ സാന്നിധ്യം നിർബന്ധമാണെന്നും അല്ലാതെയുള്ളവ നിയമപരമായി നടപ്പാക്കാൻ കഴിയാത്തതിനാൽ രജിസ്റ്റർ ചെയ്യരുതെന്നും തീരുമാനിച്ചതിനാൽ തുടർനടപടികൾ നിർത്തിവെച്ചു. നിയമസാധുതയില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും ചീഫ് രജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ സർക്കാരിന്റെ ഉപദേശം തേടും.
വരൻ പങ്കെടുക്കാതെ ഡിസംബറിൽ പട്ടാമ്പിയിൽ നടന്ന വിവാഹം നിയമപരമല്ലെന്ന് ചീഫ് രജിസ്ട്രാർ ജനറൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാരിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് തീരുമാനം.
2021 ഡിസംബർ 24 നായിരുന്നു വിവാഹം. ടി.കെ. സലീൽ മുഹമ്മദ്, കെ.പി.ഫർസാന എന്നിവരായിരുന്നു വധൂവരൻമാർ. വിദേശത്തായിരുന്ന സലിൽ മുഹമ്മദിന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നിക്കാഹ് സ്വീകരിക്കാൻ പിതൃസഹോദരന് വക്കാലത്ത് നല്‍കി. മെയ് 16നു പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി.