Spread the love

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, കരസേനയും വ്യോമസേനയും പദ്ധതിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പരിശീലനം ഡിസംബറിൽ ആരംഭിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.

“റിക്രൂട്ട്മെന്റ് പ്രക്രിയ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം, ആർമി രജിസ്ട്രേഷൻ, റിക്രൂട്ട്മെന്റ് റാലി എന്നിവയുടെ വിശദമായ ഷെഡ്യൂൾ പ്രഖ്യാപിക്കും. പരിശീലനം ഡിസംബറിൽ ആരംഭിക്കും. 2023 പകുതിയോടെ സജീവ സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും യാഥാർത്ഥ്യം ബോധ്യപ്പെട്ടാൽ അവർക്ക് പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി പ്രകാരം ഇന്ത്യൻ വ്യോമസേനയിലേക്കുള്ള ആദ്യ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂൺ 24 നു ആരംഭിക്കുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു. സായുധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനും കഴിയുന്നതിനാൽ ഈ പദ്ധതി രാജ്യത്തെ യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

By newsten