ഡൽഹി: ‘അഗ്നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. ഇവർക്ക് പെൻഷനും സ്ഥിരം തൊഴിലും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. ഇത് യുവാക്കളോടുള്ള അനീതിയാണെന്ന് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.
അഗ്നിപഥ് പദ്ധതി കരസേനാ ഉദ്യോഗാർഥികളുടെ ഭാവിയെ അപകടത്തിലാക്കും. ഇത് സേനയിലെ പ്രൊഫഷണലിസത്തെയും ബാധിക്കും. കേന്ദ്രത്തിൻറെ തീരുമാനം സിവിൽ സമൂഹത്തെ സൈനികവത്കരിക്കുമെന്നും എംപി പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉദ്യോഗാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.