രാജസ്ഥാന്‍: യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തി. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റാത്തോഡ് പറഞ്ഞു.
പാലസ് ഓണ്‍ വീല്‍സ് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും അത് തിരികെ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം (എഫ്എച്ച്ടി) രാജസ്ഥാൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാത്തോഡിന്‍റെ പ്രതികരണം.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ പാലസ് ഓൺ വീൽസിന്‍റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് ട്രെയിൻ സർവീസ് നടത്തിയത്. 1982 മുതൽ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് രാജസ്ഥാൻ ടൂറിസം വകുപ്പ് ആർടിഡിസി പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്നുണ്ട്.