കോഴിക്കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു.
ഉത്തരവ് വിവാദമായതോടെ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഉത്തരവിലുണ്ടെന്നും ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫും കോണ്‍ഗ്രസും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.