കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യമൃഗങ്ങളുടെ പേരിലുള്ള ഈ തട്ടിപ്പ് കണ്ടെത്തിയത് വനംവകുപ്പ് തന്നെയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വനം വിജിലൻസ് ഉത്തരവിട്ടിട്ടുണ്ട്.
മ്ലാവുകളുടെ തീറ്റച്ചെലവിൽ ഇല്ലാത്ത മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പിന് കീഴിലുള്ള അനാഥ മൃഗങ്ങൾക്കുള്ള അഭയകേന്ദ്രമായ കപ്രിക്കാട് അഭയാരണ്യത്തിൽ ആകെ 134 മ്ലാവുകളാണുള്ളത്. എന്നാൽ രജിസ്റ്ററിൽ 170 മ്ലാവുകളുണ്ടെന്നാണ് കണക്ക്. 170 മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഓരോന്നിനും പ്രതിമാസം 8,289 രൂപ ചെലവാകുമെന്നാണ് കണക്ക്. ഷെൽട്ടർ ഹോമിൽ ഇല്ലാത്ത 36 മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ചെലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപ വച്ചാണ് എഴുതിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ 2019 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമായി. അതായത്, കഴിഞ്ഞ 4 വർഷത്തിൽ 1.5 കോടി രൂപയാണ് മ്ലാവുകളുടെ തീറ്റയുടെ പേരിൽ തട്ടിയെടുത്തത്.
2011 ൽ ഷെൽട്ടർ തുറക്കുമ്പോൾ 86 മ്ലാവുകളാണ് ഉണ്ടായിരുന്നത്. 2019നും 2020നും ഇടയിൽ 48 കുഞ്ഞുങ്ങൾ ജനിച്ചതായി സ്റ്റോക്ക് രജിസ്റ്ററിൽ പറയുന്നു. അതായത് ആകെ 134 മ്ലാവുകൾ. എന്നാൽ 170 മ്ലാവുകൾക്ക് ഭക്ഷണം നൽകി എന്നാണ് കണക്കിൽ ഉണ്ടായിരുന്നത്. 36 എണ്ണം കൂടുതലാണെന്ന് കാണിച്ചു. ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഭയകേന്ദ്രത്തിലെത്തി മൃഗങ്ങളെ എണ്ണിത്തിട്ടപ്പെടുത്തി. 134 മ്ലാവുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതോടെയാണ് ഇല്ലാത്ത കണക്കുകൾ നൽകി മ്ലാവുകളുടെ തീറ്റയിൽ കോടികൾ തട്ടിയ സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ എറണാകുളം ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡും വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.