കൊച്ചി : നഗ്നതാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശ്രീജിത്ത് രാവിയുടേത് അസുഖമാണെന്ന് കാണിച്ച് പ്രതിഭാഗം കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. നടന്നത് കുറ്റമല്ലെന്നും രോഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുക.
ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂർ അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ സമാനമായ കുറ്റകൃത്യം പ്രതി ചെയ്തിട്ടുള്ളതിനാൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞുകൊണ്ട് പ്രോസിക്യൂഷൻ നൽകിയ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി തള്ളി.
അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ളാറ്റിന് മുന്നിൽ നിൽക്കുന്ന പെൺകുട്ടികളോട് ശ്രീജിത്ത് രവി നഗ്നത കാണിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത തൃശൂർ വെസ്റ്റ് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.